
കോഴിക്കോട് : യഥാർഥ ലഹരി മനുഷ്യന്റെ ഉള്ളിലാണെന്നും അത് തിരിച്ചറിയാൻ കഴിഞ്ഞാൽ പുതുതലമുറ തെറ്റായ ലഹരികൾക്ക് പിന്നാലെ പോകില്ലെന്നും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് അഭിപ്രായപ്പെട്ടു. ആചാര്യശ്രീ രാജേഷ് രചിച്ച “അന്തർലോകം: ഉപാസകന്റെ രഹസ്യപ്രപഞ്ചം” എന്ന പുസ്തകത്തെ ആസ്പദമാക്കി കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വേദക്ഷേത്രം ഹാളിൽ സംഘടിപ്പിച്ച സാഹിത്യവിചാരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൗതിക സമൃദ്ധി ലക്ഷ്യമാക്കി പൊതുസമൂഹം തങ്ങളുടെ ലോകങ്ങൾ സൃഷ്ടിക്കുമ്പോൾ, ആധ്യാത്മിക ഉപാസകൻ തന്റെ ഉള്ളിൽ സമ്പൂർണ പ്രപഞ്ചത്തെ കണ്ടെത്തുകയാണെന്ന് ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു. അനന്തമായ ആ അന്തർലോകത്തിലാണ് യഥാർഥ ആനന്ദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാഹിത്യവിചാരത്തിൽ കണ്ണൂർ ശ്രീനാരായണ കോളേജിലെ മുൻ പ്രിൻസിപ്പാളും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സി. പി. സതീഷ്, തൃശൂർ കുന്നംകുളം വിവേകാനന്ദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി. ആതിര, കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഫാക്കൽറ്റി മേധാവി കെ. പി. അജിത്ത് വൈദിക് എന്നിവർ വിഷയാവതരണം നടത്തി.ശീലമാണ് ആധ്യാത്മികതയുടെ ആദ്യ പടിയെന്നും കുടുംബത്തിന്റെ സമൃദ്ധിക്ക് ആധാരം ശീലമാണെന്നും ഡോ. വി. ആതിര അഭിപ്രായപ്പെട്ടു. ആധ്യാത്മികത ഇല്ലാതെ ഊഷരമായി പോയ പാശ്ചാത്യ സംസ്കാരത്തിലേക്കുപോലും ഇന്ന് ആധ്യാത്മികത തിരിച്ചെത്തുകയാണെന്നും, അതിനാൽ ഭാരതീയ യുവതലമുറയെ ആധ്യാത്മികതയോട് ചേർത്തുനിർത്തേണ്ടത് അനിവാര്യമാണെന്നും ഡോ. സി. പി. സതീഷ് പറഞ്ഞു.വ്യക്തിത്വവികാസം, കുടുംബം, സാമ്പത്തികം മുതൽ യോഗസാധന വരെ വേദങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ഈ ആശയങ്ങൾ ആധുനിക ലോകത്തും പ്രസക്തമാണെന്നും കെ. പി. അജിത്ത് വൈദിക് അഭിപ്രായപ്പെട്ടു. ചീഫ് വേദിക് ഇൻസ്ട്രക്ടർ സി. സുരേഷ് വൈദിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. പി. സന്തോഷ് കുമാർ വൈദിക് സ്വാഗതവും ജി. കൃഷ്ണ ഗീത നമസ്കാരവും പറഞ്ഞു. ഫൗണ്ടേഷൻ ട്രസ്റ്റി പി. ടി. വിപിൻ ആര്യ ആശംസ അർപ്പിച്ചു.
