
കോഴിക്കോട് ചൂലൂരിൽ വെള്ളക്കെട്ടിൽപ്പെട്ട കുടുംബത്തെ പട്ടാളക്കാരൻ രക്ഷപ്പെടുത്തി
കോഴിക്കോട് ചാത്തമംഗലം ചൂലൂർ സങ്കേതത്തിൽ വെള്ളക്കെട്ടിൽപ്പെട്ട കുടുംബത്തിലെ നാല് പേരെ പട്ടാളക്കാരൻ സാഹസികമായി രക്ഷപ്പെടുത്തി. ഒഴിവുസമയം ആഘോഷിക്കാനെത്തിയ കുടുംബത്തിലെ രണ്ട് കുട്ടികൾ ആദ്യം ശക്തമായ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടികളെ രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയെങ്കിലും നാലുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇതിനിടെയാണ് അവധിക്ക് നാട്ടിലെത്തിയ കരസേനയുടെ മദ്രാസ് റെജിമെന്റിലെ ജവാൻ ചൂലൂർ പുത്തൻ മഠത്തിൽ വിജയ് അതിവേഗം ഇടപെട്ട് നാലുപേരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്തെ വെള്ളക്കെട്ടിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നുവെന്നാണ് വിവരം.
സംഭവം പുറത്തുവന്നതോടെ നാല് ജീവനുകൾ രക്ഷപ്പെടുത്തിയ വിജയിക്ക് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്. അതേസമയം, ചൂലൂർ സങ്കേതത്തിലെ വെള്ളക്കെട്ടിൽ ഇറങ്ങരുതെന്ന ഫയർഫോഴ്സ്, പോലീസ്, ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയുടെ കർശന നിർദ്ദേശങ്ങൾ അവഗണിച്ചാണ് പലരും ഇവിടെ ജലവിനോദത്തിന് എത്തുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ കൂടുതൽ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
