കോഴിക്കോട് വളരുന്നു… ഇനി മെട്രോയും വരണം”; നഗര ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി മെട്രോ ചർച്ചകൾ വീണ്ടും സജീവം

അതിവേഗ നഗരവികസനവും കുത്തനെ ഉയരുന്ന വാഹന തിരക്കുമൊത്ത് കോഴിക്കോട് നഗരത്തിൽ മെട്രോ പദ്ധതിയേക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമാകുന്നു. നഗരത്തിന്റെ ഭാവി വികസനത്തിന് ശക്തമായ പൊതുഗതാഗത സംവിധാനം അനിവാര്യമാണെന്ന വിലയിരുത്തലാണ് വിവിധ മേഖലകളിൽ നിന്ന് ഉയരുന്നത്.ബേപ്പൂർ – ഫറോക്ക് – രാമനാട്ടുകര മേഖലകളും മെഡിക്കൽ കോളേജ് – മാവൂർ റോഡ് – കുന്നമംഗലം ഭാഗങ്ങളും വലിയ നഗരവികസന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായതോടെ കോഴിക്കോട് നഗരത്തിലെ ട്രാഫിക് പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുകയാണ്.മുമ്പ് മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ ഏകദേശം 14 കിലോമീറ്റർ ദൈർഘ്യമുള്ള ലൈറ്റ് മെട്രോ പദ്ധതി പരിഗണനയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് വെസ്റ്റ് ഹിൽ – രാമനാട്ടുകര, കോഴിക്കോട് ബീച്ച് – മെഡിക്കൽ കോളേജ് എന്നീ രണ്ട് പ്രധാന കോറിഡോറുകളും ചർച്ചയായിട്ടുണ്ട്.വിദഗ്ധർ പറയുന്നത്, കോഴിക്കോട് പോലുള്ള അതിവേഗ നഗരവൽക്കരണ മേഖലയ്ക്ക് മെട്രോ പോലുള്ള സുസ്ഥിര പൊതുഗതാഗത സംവിധാനം വലിയ മാറ്റമുണ്ടാക്കുമെന്നാണ്. കനത്ത ട്രാഫിക് കുറയ്ക്കുക, യാത്രാസമയം ലാഭിക്കുക, ഐടി–ടൂറിസം–വ്യാപാര മേഖലകളുടെ വളർച്ച വേഗത്തിലാക്കുക എന്നിവയ്ക്ക് മെട്രോ സഹായകരമാകും.കൊച്ചി മെട്രോ നഗരത്തിന്റെ മുഖച്ഛായ മാറ്റിയതുപോലെ, കോഴിക്കോട് മെട്രോയും മലബാറിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശ നൽകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ. മെഡിക്കൽ കോളേജ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബീച്ച്, ബേപ്പൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ വേഗത്തിൽ ബന്ധിപ്പിക്കാൻ മെട്രോ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.കേരളത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ കോഴിക്കോട് ഇനി ഭാവിയെ മുൻകൂട്ടി കണ്ടുള്ള വലിയ അടിസ്ഥാനസൗകര്യ പദ്ധതികളിലേക്ക് കടക്കേണ്ട സമയമായെന്നാണ് പൊതുവായ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *