
: ബേപ്പൂരിൽ എംഡിഎംഎ കൈവശം വച്ച യുവാവിനെ പൊലീസ് പിടികൂടി. കൈയ്യടിത്തോട് നോർത്ത് സ്വദേശിയായ കെ.എം. മുഹമ്മദ് അനസ് (29) ആണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രി ബേപ്പൂർ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
വട്ടക്കിണറിന് സമീപം സ്കൂട്ടറിൽ എത്തിയ പ്രതിയോട് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് തടഞ്ഞുനിർത്തി പരിശോധന നടത്തിയപ്പോഴാണ് പാന്റ് പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്.സ്കൂട്ടറിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതിന് ഉപയോഗിക്കുന്ന നാല് ഗ്ലാസ് ബർണറുകളും കണ്ടെത്തി.
ലഹരിമരുന്ന് വിൽപനയുമായി പ്രതിക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിഷ്ണു രാമചന്ദ്രൻ, എ.എസ്.ഐ ദീപ്തി ലാൽ, സിവിൽ പൊലീസ് ഓഫീസർ സുധീഷ്, ഹോംഗാർഡ് രാജൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
