
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിനുള്ളിൽ കുടുങ്ങിയ സംഭവത്തിൽ ഏറെ ദുരിതങ്ങൾ അനുഭവിച്ച ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓഫീസ് അസിസ്റ്റന്റായാണ് ഹർഷിനയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്
. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച സംഭവത്തിന് പിന്നാലെ ഹർഷിനയ്ക്ക് സർക്കാർ ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഹർഷിനയ്ക്ക് ജോലി നൽകാനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമനം നൽകിയത്.ശസ്ത്രക്രിയയ്ക്കിടെ അശ്രദ്ധ മൂലം കത്രിക വയറ്റിനുള്ളിൽ കുടുങ്ങിയെന്ന സംഭവം സംസ്ഥാനത്താകെ വലിയ ചർച്ചയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷവും ദീർഘകാലം ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ച ഹർഷിന നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും യഥാർത്ഥ കാരണം കണ്ടെത്താൻ വൈകുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.സംഭവം പുറത്തുവന്നതോടെ മെഡിക്കൽ രംഗത്തെ ഗുരുതര അനാസ്ഥയെ ചൊല്ലി വലിയ പ്രതിഷേധങ്ങളുണ്ടായി. ആരോഗ്യവകുപ്പിനതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.
സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നവശ്യപ്പെട്ട് സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ നിന്നും ശക്തമായ സമരങ്ങൾ നടന്നിരുന്നു .ദീർഘകാല ചികിത്സയും മാനസിക സമ്മർദവും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിട്ട ഹർഷിനയ്ക്ക് സർക്കാർ ജോലി നൽകുന്നത് ആശ്വാസകരമായ നടപടിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെയാണ് ജോലി ലഭിച്ചതെന്നത് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
