പനിപിടിച്ച് കേരളം; 1.48 ലക്ഷം കടന്ന് രോഗികൾ, അമീബിക് മസ്തിഷ്കജ്വരത്തിൽ 13 മരണം, എബോള ആശങ്കയും

കേരളത്തിൽ കാലവർഷം ശക്തമാകുന്നതിന് മുമ്പേ പകർച്ചപ്പനികൾ വ്യാപകമാകുന്നു. ഈ മാസം മാത്രം വിവിധ പനികൾ ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 1.48 ലക്ഷം പിന്നിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. മേയ് മാസത്തിലെ 26 ദിവസങ്ങൾക്കിടെ 1,48,089 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾക്കും സംസ്ഥാനത്ത് വർധനയുണ്ട്.

ഈ മാസം ഇതുവരെ 3,005 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇവരിൽ 703 പേർക്ക് രോഗം സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ എത്തിയ 224 പേരിൽ 122 പേർക്ക് രോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.അതേസമയം, ജലാശയങ്ങളിലൂടെ പകരുന്ന അമീബിക് മസ്തിഷ്കജ്വരം ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ മാസം 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരും എലിപ്പനി ബാധിച്ച് എട്ട് പേരും മരിച്ചതായും ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു

.ആഫ്രിക്കൻ രാജ്യങ്ങളിലുണ്ടായ എബോള വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ വിദേശയാത്രാ ചരിത്രം ഉൾപ്പെടെ പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. സാധാരണ പകർച്ചപ്പനികളുടേതിന് സമാനമായ ലക്ഷണങ്ങളാണ് എബോളയ്ക്കും കാണപ്പെടുന്നത് എന്നതിനാൽ കൂടുതൽ നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.

വയറിളക്കരോഗങ്ങളും സംസ്ഥാനത്ത് വർധിച്ചിരിക്കുകയാണ്. ഈ മാസം മാത്രം 42,868 പേരാണ് വയറിളക്കരോഗങ്ങൾക്ക് ചികിത്സ തേടിയത്. ഇന്നലെ മാത്രം 2,416 പേർ ആശുപത്രികളിലെത്തി. മലിനജലത്തിലൂടെ പകരുന്ന ഷിഗെല്ല ബാക്ടീരിയ 31 പേർക്കാണ് സ്ഥിരീകരിച്ചത്.കടുത്ത ചൂടും ഇടയ്ക്കിടെ ലഭിക്കുന്ന മഴയും രോഗവ്യാപനത്തിന് കാരണമാകുന്ന സാഹചര്യത്തിൽ തിളപ്പിച്ച വെള്ളം മാത്രം കുടിക്കണം, വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

മഴക്കാല രോഗങ്ങളെ നേരിടാൻ ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സംഭരിച്ച് വയ്ക്കാൻ എല്ലാ ആരോഗ്യസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *