ചമ്രവട്ടം മേൽപാലത്തിൽ വിള്ളൽ; സുരക്ഷ പരിശോധന നടത്തുമെന്ന് ദേശീയപാത അധികൃതർആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിശദീകരണം, താൽക്കാലിക അറ്റകുറ്റപ്പണി ആരംഭിച്ചു

പൊന്നാനി: ദേശീയപാത 66ലെ ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിലും സർവിസ് റോഡിന്റെ വശങ്ങളിലുമായി രൂപപ്പെട്ട വിള്ളലുകളിൽ സുരക്ഷ പരിശോധന നടത്തുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തിന്റെ ഭാഗമായാണ് വിള്ളലുകൾ രൂപപ്പെട്ടതെന്നുമാണ് അധികൃതരുടെ വിശദീകരണം.മേൽപാലത്തിന്റെ അരികുഭിത്തിയിലും സർവിസ് റോഡിലുമുള്ള വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കെ.പി. നൗഷാദലി സ്ഥലം സന്ദർശിച്ച് പ്രശ്നത്തിൽ അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.വിള്ളൽ രൂപപ്പെട്ട ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. പാലത്തിനടിയിലൂടെ മഴവെള്ളം ഒഴുക്കുന്നതിനായി നിർമിച്ചിരുന്ന കാന ഇളകിയ നിലയിലാണെന്നും, അത് പൂർണമായി അടച്ച് മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും ദേശീയപാത വിഭാഗം വ്യക്തമാക്കി.സർവിസ് റോഡിനോട് ചേർന്ന ഭിത്തിയിലെ കല്ലുകൾ പല ഭാഗങ്ങളിലും പൊട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് അപകടസൂചനയായ പൊട്ടലല്ലെന്നും നിർമാണത്തിന്റെ ഭാഗമായുണ്ടായ രൂപഭേദമാണെന്നുമാണ് കരാർ കമ്പനി അധികൃതരുടെ വിശദീകരണം.അതേസമയം, ഒരുവശത്തെ സർവിസ് റോഡിനോട് ചേർന്ന ഭിത്തിയിൽ മാത്രം വിള്ളൽ രൂപപ്പെട്ടത് നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നുണ്ട്. സംഭവത്തെ തുടർന്ന് സി.വി. സുധ, സി.പി. സക്കീർ എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *