
തിരുവനന്തപുരം: മയക്കുമരുന്ന് വിപത്തിനെതിരെ ശക്തമായ നടപടികളുമായി കേരള പോലീസ് ഇന്ന് സംസ്ഥാനവ്യാപകമായി “ഓപ്പറേഷൻ ഡീ-ഹണ്ട്” (The Narco Hunt) സംഘടിപ്പിക്കുന്നു. ജൂൺ 2-ന് വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന പ്രത്യേക പരിശോധനയും റെയ്ഡുകളും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒരേസമയം നടപ്പിലാക്കും.മയക്കുമരുന്ന് വിതരണ ശൃംഖല തകർക്കുക, ലഹരി വസ്തുക്കളുടെ കടത്ത് തടയുക, യുവജനങ്ങളെ ലഹരി മാഫിയയിൽ നിന്ന് സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രത്യേക ഓപ്പറേഷൻ സംഘടിപ്പിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലും ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും പരിശോധനകൾ നടക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സംശയാസ്പദ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തും. ലഹരി ഉപയോഗത്തെയും വ്യാപാരത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളുടെ സഹകരണവും ജാഗ്രതയും നിർണായകമാണെന്ന് പോലീസ് വ്യക്തമാക്കി.
