ഹെൽത്ത് ഇൻസ്പെക്ടറെ മർദ്ദിച്ച സംഭവം; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ഓവുചാലിലേക്ക് വീട്ടുമാലിന്യം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷന്റെ ജുഡീഷ്യൽ അംഗം K Baijunath കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് നിർദേശിച്ചു.ജൂൺ 23-ന് വെസ്റ്റ് ഹിൽ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷന്റെ ഇടപെടൽ.ഇടിയങ്ങര സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർക്ക് കഴിഞ്ഞ ശനിയാഴ്ച രാവിലെ തിരുത്തമ്മൽപള്ളി ഭാഗത്ത് പരിശോധനയ്ക്കെത്തിയപ്പോഴാണ് മർദ്ദനമേറ്റത്. ഓവുചാലിലേക്ക് മാലിന്യം തള്ളുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയത്.പൊതുജനാരോഗ്യ സംരക്ഷണത്തിനായി നിയമപരമായ ചുമതലകൾ നിർവഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കുനേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് അനിവാര്യമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.കൃത്യനിർവഹണത്തിൽ ഏർപ്പെടുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കുന്നതും സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതുമായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടക്കത്തിൽ തന്നെ തടയേണ്ടതുണ്ടെന്നും, ഉദ്യോഗസ്ഥരുടെ സുരക്ഷയും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പാക്കാൻ ശക്തമായ നടപടി അനിവാര്യമാണെന്നും കെ. ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *