കളിപ്പാട്ട-വസ്ത്ര വ്യാപാരത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്; മുഖ്യപ്രതിക്ക് 21 വർഷം കഠിനതടവ്.

കളിപ്പാട്ട-വസ്ത്ര കച്ചവടങ്ങളുടെ മറവിൽ വൻതോതിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസിലെ ഒന്നാം പ്രതിക്ക് 21 വർഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ‘റാമ്പോ’ എന്ന പേരിൽ അറിയപ്പെടുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശി റമീസ് റോഷൻ (30) നാണ് ശിക്ഷ ലഭിച്ചത്.2020 നവംബർ 22-ന് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖും സംഘവും ചേർന്ന് ചേലേമ്പ്ര പഞ്ചായത്ത് ഓഫീസിന് സമീപത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. പരിശോധനയിൽ 88.12 ഗ്രാം എം.ഡി.എം.എ, 0.93 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു.കേസിലെ മറ്റ് പ്രതികളായ ഹാഷിബ് ശഹീൻ, സക്കീർ ഹുസൈൻ എന്നിവരിൽ മൂന്നാം പ്രതിക്ക് നേരത്തെ 21 വർഷം തടവും 2.10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. വിചാരണ പൂർത്തിയായ രണ്ടാം പ്രതി നിലവിൽ ഒളിവിലാണെന്ന് അധികൃതർ അറിയിച്ചു.മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനിൽകുമാർ, കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജു എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.മഞ്ചേരി NDPS സ്പെഷ്യൽ കോടതി ജഡ്ജി ടി.ജി. വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുരേഷ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *