
കോഴിക്കോട്: കാലവർഷത്തെ നേരിടാൻ ജില്ല പൂർണ സജ്ജമാണെന്ന് ജില്ലയുടെ ചുമതലയുള്ള റെവന്യൂ വകുപ്പ് മന്ത്രി A. P. അനിൽ കുമാർ അറിയിച്ചു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുന്നതിനും സർക്കാർ പ്രാമുഖ്യം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും സഹകരണവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി V. D. സതീശൻ യുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായാണ് ജില്ലാതല അവലോകന യോഗം സംഘടിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു.അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വില്ലേജ്, താലൂക്ക്, ജില്ലാതലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും റെവന്യൂ, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും ഫലപ്രദമായി ഇടപെടണമെന്നും മന്ത്രി നിർദേശിച്ചു. പകർച്ചവ്യാധികൾക്കെതിരെ പ്രത്യേക ജാഗ്രതയും മുൻകരുതലും സ്വീകരിക്കണമെന്നും ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും സൗകര്യങ്ങളും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്, ഓടകൾ ശുചീകരിക്കൽ, ദുരിതാശ്വാസ ക്യാമ്പുകളിലെ ഒരുക്കങ്ങൾ, കടൽക്ഷോഭ പ്രതിരോധ നടപടികൾ, മത്സ്യതൊഴിലാളികളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ വിശദമായി വിലയിരുത്തി.ജില്ലാ കളക്ടർ M. S. മാധവികുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ വകുപ്പുകളുടെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. റെവന്യൂ, ആരോഗ്യം, പോലീസ്, അഗ്നിരക്ഷാസേന, കെഎസ്ഇബി, ഫിഷറീസ്, വാട്ടർ അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളും അവലോകനം ചെയ്തു
