
കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാലത്തിലെ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് ഫറോക്ക് മുതൽ കുണ്ടായിത്തോട് വരെ ദിവസേന അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് ഫറോക്ക് മേഖലയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.ചെറുവണ്ണൂർ മേൽപ്പാല നിർമ്മാണം പുരോഗമിക്കുന്നതിനിടെ പ്രധാന റോഡിൽ മണിക്കൂറുകളോളം നീളുന്ന വാഹനത്തിരക്ക് സിറ്റി ബസുകളുടെ സർവീസുകളെ സാരമായി ബാധിക്കുന്നതായി ബസ് ഉടമകളും തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ബസുകൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കേണ്ട സാഹചര്യമാണുള്ളതെന്ന് അവർ ആരോപിച്ചു.അറിയിപ്പില്ലാതെ നടന്ന മിന്നൽ പണിമുടക്ക് യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചു. രാവിലെ ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകേണ്ടിയിരുന്ന വിദ്യാർത്ഥികൾ, ജീവനക്കാർ, മറ്റ് യാത്രക്കാർ എന്നിവർ ബസ് ലഭിക്കാതെ വലഞ്ഞു. പലർക്കും സ്വകാര്യ വാഹനങ്ങളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കേണ്ടി വന്നു.ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുകയും ബസ് സർവീസുകൾ തടസമില്ലാതെ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്ന ആവശ്യമാണ് സമരക്കാർ മുന്നോട്ടുവെച്ചത്.
