വാഹന മോഡിഫിക്കേഷനുകൾക്ക് വ്യക്തത; അനുവദനീയമായ മാറ്റങ്ങളുടെ പട്ടികയുമായി എംവിഡി

വാഹനങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ നിയമപരമായി നടത്താമെന്ന കാര്യത്തിൽ വാഹന ഉടമകൾക്കിടയിലെ ആശയക്കുഴപ്പങ്ങൾക്ക് വിരാമമിട്ട് മോട്ടോർ വാഹന വകുപ്പ് (MVD) അനുവദനീയമായ മോഡിഫിക്കേഷനുകളെക്കുറിച്ച് വ്യക്തത വരുത്തി. സുരക്ഷയെയും നിയമങ്ങളെയും ബാധിക്കാത്ത ചില മാറ്റങ്ങൾ വാഹനങ്ങളിൽ വരുത്തുന്നതിന് അനുമതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.അനുവദനീയമായ മാറ്റങ്ങളിൽ സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, ഡാഷ് ക്യാമറകളും അതിന്റെ സ്റ്റാൻഡുകളും, സ്റ്റിയറിങ് വീൽ കവറുകൾ, പാർക്കിങ് സെൻസറുകൾ, അധിക സ്പീക്കറുകൾ, ജിപിഎസ് ട്രാക്കറുകൾ, റൂഫ് കാരിയറുകൾ എന്നിവ ഉൾപ്പെടുന്നു.അതേസമയം, വാഹനത്തിന്റെ ഗ്ലാസുകളിൽ സൺഫിലിം ഉപയോഗിക്കുമ്പോൾ നിയമപ്രകാരമുള്ള ദൃശ്യത ഉറപ്പാക്കണം. ബോഡി സ്റ്റിക്കറുകളും ആകർഷകമായ രീതിയിൽ ഉപയോഗിക്കാമെങ്കിലും അവ വാഹനത്തിന്റെ തിരിച്ചറിയലിനെയോ സുരക്ഷയെയോ ബാധിക്കരുത്. വാഹനത്തിന്റെ ബോഡി കളർ മാറ്റണമെങ്കിൽ മുൻകൂട്ടി ആർടിഒയുടെ അനുമതിയും ആവശ്യമായ ഫീസ് അടച്ച് രജിസ്ട്രേഷൻ രേഖകളിൽ മാറ്റം വരുത്തുകയും വേണം.വാഹന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട് അനാവശ്യ പിഴകളും നിയമനടപടികളും ഒഴിവാക്കാൻ, ഏതെങ്കിലും വലിയ മാറ്റങ്ങൾ നടത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട ആർടിഒ ഓഫീസുമായി ബന്ധപ്പെടുന്നതാണ് ഉചിതമെന്ന് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *