
മൂന്നാർ: കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിൽ സന്ദർശകരിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ തീരുമാനം. ജൂലൈ മുതൽ പദ്ധതി നടപ്പിലാക്കാനാണ് മൂന്നാർ പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. ദേവികുളം പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.മൂന്നാറിലേക്കുള്ള പ്രധാന പ്രവേശന മാർഗങ്ങളായ പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം, മൂന്നാർ–തേനി റോഡ്, മൂന്നാർ–ഉടുമലപേട്ട റോഡ് എന്നിവിടങ്ങളിൽ ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. ഇവ വഴിയെത്തുന്ന വാഹനങ്ങളിൽ നിന്നാകും ഫീസ് പിരിക്കുക.ഫാസ്ടാഗ് മാതൃകയിലുള്ള സാങ്കേതിക സംവിധാനത്തിലൂടെ ഫീസ് ഈടാക്കാനാണ് ആലോചന. ഇതിനായി പ്രത്യേക സ്റ്റിക്കറുകളും ഇ-പാസ് സംവിധാനവും ഒരുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഫീസ് നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും സഞ്ചാരികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിലായിരിക്കും ക്രമീകരണമെന്ന് അധികൃതർ അറിയിച്ചു.മൂന്നാറിലെ വർധിച്ചുവരുന്ന വിനോദസഞ്ചാരവും അതോടനുബന്ധിച്ചുള്ള മാലിന്യ പ്രശ്നങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം. പ്രവേശന ഫീസിലൂടെ ലഭിക്കുന്ന വരുമാനം മാലിന്യ നിർമാർജനത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
