
തിരുവനന്തപുരം: അഞ്ച് വയസ്സും പതിനഞ്ച് വയസ്സും പൂർത്തിയാകുന്ന കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കണമെന്ന് സംസ്ഥാന ഐടി മിഷൻ അറിയിച്ചു. വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ എന്നിവയുടെ പുതുക്കൽ സെപ്റ്റംബർ മാസം വരെ സംസ്ഥാനത്തെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.5 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കാണ് ഈ സൗജന്യ നിർബന്ധിത പുതുക്കൽ ബാധകമാകുന്നത്. കൃത്യസമയത്ത് ബയോമെട്രിക് വിവരങ്ങൾ പുതുക്കാത്ത പക്ഷം ആധാർ കാർഡ് താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ-കോളജ് പ്രവേശനം, ഡിജിലോക്കർ, അപാർ, പാൻ കാർഡ് എന്നിവ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾക്ക് ആധാർ നിർബന്ധമായതിനാൽ രക്ഷിതാക്കൾ സമയബന്ധിതമായി പുതുക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.പുതിയ ആധാർ രജിസ്ട്രേഷൻ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം മാറ്റൽ തുടങ്ങിയ സേവനങ്ങൾ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങളിലുമായി ലഭ്യമാണെന്നും അധികൃതർ അറിയിച്ചു
