ഇന്ത്യയുടെ സമുദ്ര സുരക്ഷക്കും ആണവ പ്രതിരോധ ശേഷിക്കും വൻ കരുത്തേകാൻ തദ്ദേശീയമായി നിർമ്മിച്ച നാലാമത്തെ അരിഹന്ത് ക്ലാസ് ആണവ അന്തർവാഹിനി (SSBN) കമ്മീഷൻ ചെയ്യാനൊരുങ്ങുന്നു. എസ്-4 എന്നറിയപ്പെടുന്ന ഈ അത്യാധുനിക അന്തർവാഹിനി ‘ഐ.എൻ.എസ് അരിസുദൻ’ (INS Arisudan) എന്ന പേരിലായിരിക്കും ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുകയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വ്യാപകമായ കടൽ പരീക്ഷണങ്ങൾ പുരോഗമിക്കുന്ന കപ്പൽ 2027-ഓടെ ഔദ്യോഗികമായി സേവനത്തിലേക്ക് എത്തും.വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിൽ (SBC) നിർമിച്ച അരിസുദൻ, അരിഹന്ത് ക്ലാസ് പദ്ധതിയിലെ നാലാമത്തെയും അവസാനത്തെയും യൂണിറ്റാണ്. മുൻപ് കമ്മീഷൻ ചെയ്ത ഐ.എൻ.എസ് അരിഹന്തും ഐ.എൻ.എസ് അരിഘാതും ഇതിനകം സേവനത്തിലുണ്ട്. മൂന്നാമത്തെ യൂണിറ്റായ ഐ.എൻ.എസ് അരിദമൻ പരീക്ഷണ ഘട്ടം പൂർത്തിയാക്കുന്നതിനിടെയാണ് നാലാമത്തെ അന്തർവാഹിനിയുടെയും പരീക്ഷണങ്ങൾ വേഗത്തിലാകുന്നത്.അരിഹന്ത് ക്ലാസിലെ ഏറ്റവും കൂടുതൽ തദ്ദേശീയ സാങ്കേതികവിദ്യയും സാമഗ്രികളും ഉപയോഗിച്ച അന്തർവാഹിനിയാണ് അരിസുദൻ. ഏകദേശം 80 ശതമാനത്തിലധികം ആഭ്യന്തര സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന ഇന്ത്യയുടെ വലിയ നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്.ഐ.എൻ.എസ് അരിഹന്തിനേക്കാൾ വലിപ്പത്തിലും ശേഷിയിലും മുന്നിലാണ് അരിസുദൻ. ഏകദേശം 7,000 ടൺ ഭാരമുള്ള ഈ അന്തർവാഹിനിയിൽ 10 മീറ്ററോളം അധിക ഹൾ വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കൂടുതൽ ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളും ഉൾക്കൊള്ളാൻ സാധിക്കും.മുൻഗാമികളേക്കാൾ ഇരട്ടി മിസൈൽ വിക്ഷേപണ ശേഷിയാണ് അരിസുദനിന്റെ പ്രധാന പ്രത്യേകത. എട്ട് വെർട്ടിക്കൽ ലോഞ്ച് ട്യൂബുകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഈ അന്തർവാഹിനിക്ക് 3,500 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള എട്ട് കെ-4 സബ്മറൈൻ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകൾ (SLBM) വഹിക്കാൻ കഴിയും. ആദ്യ അരിഹന്ത് ക്ലാസ് കപ്പലിൽ 750 കിലോമീറ്റർ പരിധിയുള്ള കെ-15 മിസൈലുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ആണവ ത്രിമാന പ്രതിരോധ ശേഷി (Nuclear Triad) ശക്തിപ്പെടുത്തുന്നതിൽ അരിസുദന്റെ വരവ് ഇന്ത്യയ്ക്ക് നിർണായക മുന്നേറ്റമായിരിക്കുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

