
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ യുവാവ് ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. മാഹി അഴിയൂർ സ്വദേശിയായ അൻസാർ (38) ആണ് അപകടത്തിൽ ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായത്.ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിലെത്താറായ സമയത്താണ് അൻസാർ ട്രെയിനിൽ നിന്ന് താഴേക്ക് വീണത്. അപകടവിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റ അൻസാറിനെ 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രാക്കിൽ നിന്ന് ലഭിച്ച മുറിഞ്ഞ കാൽപാദവും ആശുപത്രിയിലെത്തിച്ചതായി അധികൃതർ അറിയിച്ചു.ട്രെയിൻ യാത്രയ്ക്കിടെ വാതിലുകളിലും പടികളിലും ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നത് അതീവ അപകടകരമാണെന്ന് റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകി.
