കഞ്ചാവുമായി പയ്യന്നൂരിലെ ജ്യോതിഷാലയ ഉടമ പിടിയിൽ

കണ്ണൂർ: പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നും മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലത്തെ ശ്രീനാഥ് പി.ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.ഇന്നലെ വൈകുന്നേരം പയ്യന്നൂർ സബ് ഇൻസ്‌പെക്ടർ അനുശ്രീ പി.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് (DANSAF) ടീമും ചേർന്നാണ് പരിശോധന നടത്തിയത്. ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തുടർന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പോലീസ് സംഘം മഹസ്സർ തയ്യാറാക്കി വസ്തു കസ്റ്റഡിയിലെടുത്തു.പ്രതിക്കെതിരെ എൻ.ഡി.പി.എസ്. നിയമത്തിലെ വകുപ്പ് 20(b)(ii)(A) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പയ്യന്നൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.പരിശോധനാ സംഘത്തിൽ എസ്.സി.പി.ഒ അബ്ദുൽ ജബ്ബാർ, ഡാൻസാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *