
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്താണ് നടപടി. ശനി, ഞായർ ദിവസങ്ങളിൽ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പുഴകൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ സമീപത്ത് പോകുന്നതും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ സമയം ചെലവഴിക്കുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും വേണമെന്ന് അധികൃതർ അഭ്യർഥിച്ചു.
