കാണാതായ 16കാരിയെ രഹസ്യകേന്ദ്രത്തിൽ കണ്ടെത്തിയ സംഭവം; ലഹരി ബന്ധവും പരിശോധിച്ച് അന്വേഷണം

കാണാതായ 16 വയസ്സുകാരിയെ കണ്ണൂർ ജില്ലയിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പെൺകുട്ടിയെ കണ്ടെത്തിയ വീട്ടിൽ മറ്റൊരു യുവതിയും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലായിരുന്നു സംഭവം.രണ്ട് മാസം മുമ്പ് വാടകയ്ക്ക് എടുത്ത വീട്ടിലാണ് കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ തടങ്കലിൽ പാർപ്പിച്ചിരുന്നതെന്ന് കണ്ടെത്തി. രാത്രി സമയങ്ങളിൽ യുവതീയുവാക്കൾ ഉൾപ്പെടെ നിരവധി പേർ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും സ്ഥലത്ത് ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന സംശയം നാട്ടുകാർക്കുണ്ടായിരുന്നുവെന്നും പറയുന്നു.കഴിഞ്ഞ ദിവസം കാറിലെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ അളക്കാൻ ഉപയോഗിക്കുന്നതായി സംശയിക്കുന്ന ത്രാസ് കണ്ടെത്തി. തുടർന്ന് വീടിന്റെ മുകൾനിലയിലെ മുറികളിൽ ഒളിച്ചിരുന്ന പെൺകുട്ടിയെയും മറ്റൊരു യുവതിയെയും പോലീസ് കണ്ടെത്തുകയായിരുന്നു. പരിശോധനയ്ക്കിടെ സംഘത്തിലെ ചിലർ രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.സംഭവത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ചേവായൂർ പോലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.കഴിഞ്ഞ മാസം 15-ന് രാത്രി കോഴിക്കോട് നിന്ന് കാറിലെത്തിയ രണ്ടുപേരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു. ബന്ധുവിന് ലഭിച്ച ഫോൺകോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുട്ടിയെ ആദ്യം നെടുമ്പാശ്ശേരിയിലും പിന്നീട് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലും എത്തിയതായി കണ്ടെത്തിയെങ്കിലും തുടർന്ന് വീണ്ടും സംഘത്തിന്റെ കൈകളിലെത്തുകയായിരുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിന്റെ എല്ലാ വശങ്ങളും, ലഹരി സംഘങ്ങളുമായുള്ള ബന്ധം ഉൾപ്പെടെ, വിശദമായി അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *