
കോഴിക്കോട്: കോഴിക്കോടിന് കെഎസ്ആർടിസിയുടെ നഗരവണ്ടി (സിറ്റി സർവീസ്) ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ. ഫൈസൽ ബാബു ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് നിവേദനം നൽകി. നഗരവണ്ടി സേവനത്തിന്റെ ആവശ്യകത അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എംഎൽഎ അറിയിച്ചു.നിലവിൽ നഗരത്തിലെ പല പ്രധാന മേഖലകളിലേക്കും കെഎസ്ആർടിസി സർവീസുകൾ ലഭ്യമല്ലെന്നും നഗരവാസികളുടെ ദീർഘകാല ആവശ്യമാണ് സിറ്റി സർവീസെന്നും ഫൈസൽ ബാബു പറഞ്ഞു. സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യ യാത്രാ ആനുകൂല്യം നഗരപ്രദേശങ്ങളിലെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും നഗരവണ്ടി സേവനം സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മെഡിക്കൽ കോളേജ്, കോഴിക്കോട് നഗരം, ബീച്ച് എന്നിവ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർക്കിൾ ബസ് സർവീസ് ആരംഭിക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഗതാഗത വകുപ്പ് അപേക്ഷ അനുകൂലമായി പരിഗണിക്കുമെന്നും നഗരവണ്ടി സേവനം ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
