
കോഴിക്കോട്: ഇന്ന് പെയ്ത ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് പുതിയങ്ങാടി ജംഗ്ഷന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിന്റെ താഴ്ന്ന ഭാഗങ്ങളിലാണ് മഴവെള്ളം കെട്ടിനിന്നത്. ഇതോടെ ജംഗ്ഷൻ വഴി കടന്നുപോകുന്ന വാഹനയാത്രികർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് നേരിട്ടു.മഴ തുടർന്നതോടെ വെള്ളം വേഗത്തിൽ ഒഴുകിപ്പോകാൻ കഴിയാതിരുന്നതാണ് വെള്ളക്കെട്ടിന് കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജംഗ്ഷന് സമീപത്തെ റോഡിലും പരിസരങ്ങളിലും വെള്ളം കെട്ടിനിന്നതോടെ ഗതാഗതം ചില സമയങ്ങളിൽ മന്ദഗതിയിലായി.മഴക്കാലം ശക്തമാകുന്നതിനാൽ പുതിയങ്ങാടി ഉൾപ്പെടെയുള്ള നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തി.
