ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ; 3000 രൂപയാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം വൈകാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെൻഷൻ വർധനവുമായി ബന്ധപ്പെട്ട് ഉണ്ടായ കാലതാമസം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, 1600 രൂപയിൽ നിന്ന് 2500 രൂപയാക്കുമെന്ന വാഗ്ദാനം നൽകിയിരുന്നെങ്കിലും നാലര വർഷത്തിലേറെ കാലം തുകയിൽ വർധന ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് 1600 രൂപ 2000 രൂപയായി ഉയർത്തിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.നിലവിലെ സർക്കാർ അത്തരം കാലതാമസം വരുത്തില്ലെന്നും നൽകിയ വാഗ്ദാനം എത്രയും വേഗം നടപ്പാക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.അതേസമയം, സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തുടരണോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ പദ്ധതി സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും, തുടർനടപടികൾ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *