
തിരുവനന്തപുരം: തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി ലഭ്യമായതിനെ തുടർന്ന് സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെ.എസ്.ഇ.ബി അറിയിച്ചു. കേരളത്തിലേക്കുള്ള പവർ കോറിഡോറിൽ നിയന്ത്രണങ്ങളില്ലാതിരുന്നതും വൈദ്യുതി ലഭ്യത വർധിക്കാൻ സഹായകമായി.ഏകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് നിയന്ത്രണം ഒഴിവാക്കാനായത്. എന്നാൽ ഗ്രിഡിൽ നിന്ന് ഷെഡ്യൂൾ ചെയ്തതിലധികം വൈദ്യുതി തുടർച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനമായതിനാൽ ഇത് സ്ഥിരമായ പരിഹാരമല്ലെന്നും അധികൃതർ വ്യക്തമാക്കി.ശനിയാഴ്ച രാത്രി 7 മുതൽ 12 വരെ 300 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതി കുറവ് അനുഭവപ്പെട്ടു. അന്ന് സംസ്ഥാനത്തെ പരമാവധി വൈദ്യുതി ആവശ്യകത 4833 മെഗാവാട്ട് ആയിരുന്നു.അതേസമയം, ഞായറാഴ്ച സംസ്ഥാനത്ത് ലഭിച്ച മഴയെ തുടർന്ന് താപനില കുറഞ്ഞതോടെ വൈദ്യുതി ആവശ്യകത 600 മുതൽ 700 മെഗാവാട്ട് വരെ കുറഞ്ഞു. ഇതോടെ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നില്ല. ഞായറാഴ്ചത്തെ പരമാവധി വൈദ്യുതി ആവശ്യകത 4266 മെഗാവാട്ട് ആയി രേഖപ്പെടുത്തി.മൺസൂൺ ശക്തമാകാത്തതും അണക്കെട്ടുകളിലെ ജലനിരപ്പ് കുറവായതും ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ കുറവുള്ളതും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
