ഗവി വനത്തിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ലൈംഗികാതിക്രമത്തിന് ശേഷം കൊലപാതകമെന്ന സംശയം

പത്തനംതിട്ട: ഗവിയിലെ മീനാർ പ്രദേശത്ത് വനത്തിനുള്ളിലെ തോടിന്റെ കരയിൽ അംഗനവാടി ഹെൽപ്പറായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ലൈംഗികാതിക്രമത്തിന് ശേഷം കൊലപാതകം നടന്നതാകാമെന്ന സംശയത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന വണ്ടിപ്പെരിയാർ സ്വദേശിയായ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മരിച്ച യുവതി തമിഴ്നാട് സ്വദേശിനിയായ മേനക (34) ആണെന്ന് തിരിച്ചറിഞ്ഞു. ഗവിയിൽ താമസിച്ചിരുന്ന മേനക മീനാർ അംഗനവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തുവരികയായിരുന്നു.ഇന്ന് രാവിലെ 9 മണിയോടെ ഗവിയിൽ നിന്ന് മീനാറിലെ അംഗനവാടിയിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഗവിയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് അംഗനവാടി സ്ഥിതി ചെയ്യുന്നത്. വനത്തിലൂടെയുള്ള പാതയിലാണ് യുവതി സഞ്ചരിച്ചിരുന്നത്.ഇന്ന് രാവിലെ 11 മണിയോടെയാണ് വഴിമധ്യേയുള്ള തോടിന്റെ കരയിൽ മേനകയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണ്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം, ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *