ചെറുവണ്ണൂർ മേൽപ്പാലം ഗതാഗതക്കുരുക്ക്: അടിയന്തര നടപടികൾക്ക് തീരുമാനം

ബഹു. എം.എൽ.എ. പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം ചെറുവണ്ണൂർ മേൽപ്പാലത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജനപ്രതിനിധികൾ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ സർവീസ് റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കാനും, രണ്ട് ആഴ്ചയ്ക്കകം ബി.സി. പ്രവൃത്തി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കാനും തീരുമാനിച്ചു. മഴയില്ലാത്ത ദിവസം ലഭിക്കുന്ന മുറയ്ക്ക് തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാനും നിർദേശം നൽകി.നിലവിൽ ക്രമം തെറ്റി സ്ഥാപിച്ചിരിക്കുന്ന ഫെൻസിംഗുകൾ മാറ്റി നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം പുനഃസ്ഥാപിക്കും. മീഞ്ചന്ത വഴി രാമനാട്ടുകരയിലേക്ക് പോകുന്ന ഹെവി വാഹനങ്ങൾ നിലവിലെ റൂട്ടിൽ തന്നെ തുടരുകയും, ചെറിയ വാഹനങ്ങളെ മോഡേൺ ജംഗ്ഷൻ–കൊളത്തറ വഴി തിരിച്ചുവിടുകയും ചെയ്യും. കൂടാതെ, ചെറുവണ്ണൂർ ജംഗ്ഷൻ തുറന്ന് നൽകാനും തീരുമാനമായി.ഗതാഗത നിയന്ത്രണത്തിനായി വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാനും, മറ്റ് പ്രശ്നങ്ങൾ പഠിച്ച് പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.15 ദിവസത്തിനകം വീണ്ടും യോഗം ചേർന്ന് നിലവിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തുമെന്നും എം.എൽ.എ. പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *