
സംസ്ഥാനത്തെ വനിതകൾക്കായി കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി. പദ്ധതിയുടെ ഭാഗമായി ഏതൊക്കെ സർവീസുകളിൽ സൗജന്യം അനുവദിക്കാമെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കെഎസ്ആർടിസിയോട് നിർദേശിച്ചിട്ടുണ്ട്.സ്ത്രീ യാത്രക്കാരുടെ കണക്ക് ശേഖരിക്കുന്നതിനായി മുൻപ് ആരംഭിച്ചിരുന്ന “ജെൻഡർ ടിക്കറ്റിങ്” സംവിധാനം വീണ്ടും പുനരാരംഭിക്കാനാണ് തീരുമാനം.
പദ്ധതിയുടെ സാമ്പത്തിക ഭാരം, യാത്രക്കാരുടെ എണ്ണം, സർവീസുകളുടെ ഉപയോഗം തുടങ്ങിയവ വിലയിരുത്തുന്നതിനായിരിക്കും ഇത് ഉപയോഗിക്കുക.ലഭ്യമായ വിവരങ്ങൾ പ്രകാരം ബജറ്റ് ടൂറിസം, എസി, ചാർട്ടേഡ്, അന്തർ സംസ്ഥാന സർവീസുകൾ എന്നിവ ഒഴിവാക്കി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ സൗജന്യ യാത്ര അനുവദിക്കാൻ സാധ്യത.തമിഴ്നാട്ടിൽ സമാന പദ്ധതി നടപ്പാക്കിയപ്പോൾ സർക്കാർ കൃത്യമായി സബ്സിഡി അനുവദിച്ചതിലൂടെ ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് വലിയ സഹായമായിരുന്നു. കേരളത്തിലും സർക്കാർ വിഹിതം സമയബന്ധിതമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി.
അതേസമയം പദ്ധതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ വനിതാ യാത്രക്കാരിൽ വലിയ ആവേശമാണ് ഉയർന്നിരിക്കുന്നത്. “എല്ലാ ബസുകളിലും സൗജന്യമാകുമോ?”, “ജില്ലയ്ക്ക് പുറത്തേക്കും സൗജന്യ യാത്ര ലഭിക്കുമോ?”, “സർക്കാർ ജീവനക്കാർക്കും ആനുകൂല്യം ഉണ്ടാകുമോ?” തുടങ്ങിയ സംശയങ്ങളാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്.കൊല്ലം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള സ്ത്രീ യാത്രക്കാർ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്.
സ്ഥിരമായി ബസിൽ യാത്ര ചെയ്യുന്നവർക്ക് പ്രതിമാസം 2000 മുതൽ 5000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. കുടുംബച്ചെലവുകൾക്കും കുട്ടികളുടെ പഠനത്തിനും ഈ തുക ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയും സ്ത്രീകൾ പങ്കുവെക്കുന്നു.അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ചില ആശങ്കകളും ഉണ്ട്. സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ സ്വകാര്യ ബസുകളിലും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുന്നവരിൽ വലിയൊരു വിഭാഗം കെഎസ്ആർടിസിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ.
ഇതോടെ തിരക്ക് വർധിക്കുമെന്നും കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയില്ലെങ്കിൽ യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടിലാകാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.സാമൂഹികമായി വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്ന പദ്ധതിയെന്ന നിലയിലാണ് സർക്കാർ ഇതിനെ അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത ഉപയോഗവും വർധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ.
