ഡോക്ടേഴ്സ് ഡേയിൽ കോഴിക്കോട് അഞ്ച് പ്രമുഖ ഡോക്ടർമാർക്ക് IMA ബെസ്റ്റ് ഡോക്ടർ അവാർഡ്

കോഴിക്കോട് : ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കോഴിക്കോട് ശാഖ നഗരത്തിലെ അഞ്ച് പ്രമുഖ ഡോക്ടർമാരെ ബെസ്റ്റ് ഡോക്ടർ അവാർഡ് നൽകി ആദരിച്ചു. ഇന്ത്യൻ വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖനായ ഡോ. ബി.സി. റോയിയുടെ ജന്മദിനമായ ജൂലൈ 1-നോടനുബന്ധിച്ചാണ് കോഴിക്കോട് ഐ.എം.എ ഹാളിൽ ചടങ്ങ് സംഘടിപ്പിച്ചത്.ചടങ്ങിൽ കോഴിക്കോട് മേയർ ഒ. സദാശിവൻ മുഖ്യാതിഥിയായി പങ്കെടുത്തു. ചികിത്സയ്‌ക്കൊപ്പം രോഗികൾക്ക് സാന്ത്വനവും നൽകുന്ന കോഴിക്കോട്ടെ ഡോക്ടർമാരുടെ സേവനത്തെ അദ്ദേഹം പ്രശംസിച്ചു. ഐ.എം.എ കോഴിക്കോട് പ്രസിഡന്റ് ഡോ. സന്ധ്യ കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡോക്ടേഴ്സ് ഡേ സന്ദേശം അവതരിപ്പിച്ച അവർ, ആശുപത്രികളിലെ അക്രമങ്ങൾ തടയാൻ അധികാരികളും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജൂനിയർ ഡോക്ടർമാരുടെ വേതനവ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു.ഈ വർഷത്തെ ബെസ്റ്റ് ഡോക്ടർ അവാർഡുകൾ മലബാർ മെഡിക്കൽ കോളേജ് സർജറി വിഭാഗം മേധാവി ഡോ. എം.പി. ശശി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. കെ.ആർ. രാധ, എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. ഇ. നാരായണൻകുട്ടി വാരിയർ, കോഴിക്കോട് ആസ്റ്റർ മിംസ് ഡെർമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എസ്.വി. രാകേഷ്, കോഴിക്കോട് ഗവ. ജനറൽ ആശുപത്രി ഇ.എൻ.ടി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പി.ജി. ധന്യ എന്നിവർക്കാണ് മേയർ സമ്മാനിച്ചത്.കഴിഞ്ഞ 27 വർഷമായി IMA ഏർപ്പെടുത്തിയ കാരായി വിജയറാം മെമ്മോറിയൽ എൻഡോവ്മെന്റ് ബേബി ശ്രീലക്ഷ്മിക്ക് (വയനാട്) നൽകി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മികച്ച ഔട്ട്ഗോയിംഗ് MBBS ഗേൾ സ്റ്റുഡന്റിനുള്ള വിമ ദർപ്പൺ എൻഡോവ്മെന്റ് അവാർഡ് ഡോ. ഇ. ശ്രീലക്ഷ്മിക്കും, ഗൈനക്കോളജി വിഭാഗത്തിലെ മികച്ച പി.ജി വിദ്യാർത്ഥിക്കുള്ള ഡോ. പി. രമേശ് കുമാർ മെമ്മോറിയൽ എൻഡോവ്മെന്റ് ഡോ. എം. ക്ഷമ ഫർസീനിനും, ജനറൽ സർജറി വിഭാഗത്തിലെ മികച്ച പി.ജി വിദ്യാർത്ഥിക്കുള്ള ഡോ. പി. രാജേന്ദ്രൻ മെമ്മോറിയൽ എൻഡോവ്മെന്റ് ഡോ. അഭിലാഷിനും സമ്മാനിച്ചു.ശിശുരോഗ വിഭാഗത്തിലെ മികച്ച പി.ജി വിദ്യാർത്ഥിക്കുള്ള ഡോ. പി. മോഹൻരാജ് മെമ്മോറിയൽ എൻഡോവ്മെന്റ് ഡോ. എസ്.ആർ. മഞ്ജുഷക്കും, മാനസികരോഗ വിഭാഗത്തിലെ മികച്ച പി.ജി വിദ്യാർത്ഥിക്കുള്ള ഡോ. എസ്. ശാന്തകുമാർ മെമ്മോറിയൽ എൻഡോവ്മെന്റ് ഡോ. തൻവി മിറ്റലിനും നൽകി. കൂടാതെ 10-ാം ക്ലാസ്, 12-ാം ക്ലാസ്, മറ്റ് മത്സരപരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടിയ IMA അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *