നിയമവിരുദ്ധ നിർമാണം പൊളിക്കണമെന്നില്ല; പിഴയീടാക്കി ഭൂമി ക്രമപ്പെടുത്താമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: നിയമവിരുദ്ധമായി അനുവദിച്ച ഭൂമിയിൽ നിർമിച്ച കെട്ടിടങ്ങൾ എല്ലാ സാഹചര്യങ്ങളിലും പൊളിച്ചുനീക്കണമെന്നില്ലെന്നും, ആവശ്യമായ സാഹചര്യങ്ങളിൽ പിഴയീടാക്കി ഭൂമി ക്രമപ്പെടുത്താമെന്നും സുപ്രിംകോടതി. മുംബൈയിലെ നവി മുംബൈ വാഷി സെക്ടർ 30എയിൽ അനധികൃതമായി നിർമിച്ച ഷോപ്പിങ് മാളും ഹോട്ടലും സംബന്ധിച്ച കേസിലാണ് സുപ്രധാന വിധി പുറത്തുവന്നത്.ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആധാരെ എന്നിവരടങ്ങിയ ബെഞ്ച്, ഭൂമി യഥാർഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി.450 കോടി രൂപയുടെ നിക്ഷേപവും 8,000 പേരുടെ ഉപജീവനവും വാർഷികമായി 100 കോടി രൂപയുടെ നികുതി വരുമാനവും നൽകുന്ന കെട്ടിടം പൊളിക്കുന്നത് പൊതുതാൽപര്യത്തിന് തിരിച്ചടിയാകുമെന്ന് കോടതി നിരീക്ഷിച്ചു. പൊളിച്ചുമാറ്റൽ മൂലമുണ്ടാകുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിഹരിക്കാനാകാത്തതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.ഇതിന്റെ അടിസ്ഥാനത്തിൽ 318.31 കോടി രൂപ പിഴയീടാക്കി ഭൂമി ക്രമപ്പെടുത്താമെന്നാണ് കോടതി വിധിച്ചത്. പൊതുജനങ്ങളുടെ ചെലവിൽ ശിക്ഷ നടപ്പാക്കരുതെന്നും കോടതി വ്യക്തമാക്കി.2019-ൽ കേരളത്തിലെ മരട് ഫ്ലാറ്റ് കേസിൽ സുപ്രിംകോടതി സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമായാണ് പുതിയ വിധി വിലയിരുത്തപ്പെടുന്നത്. തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ച് നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആൽഫ സെറീൻ, ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാൻ അന്നത്തെ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.പുതിയ വിധി അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട ഭാവി കേസുകളിൽ നിർണായകമായ നിയമപരമായ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *