
ചണ്ഡീഗഢ്: പഞ്ചാബിലെ മുൻസിപ്പൽ കോർപ്പറേഷനുകൾ, മുൻസിപ്പാലിറ്റികൾ, നഗരപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (AAP) വൻ വിജയം നേടി. 1977 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 957 സീറ്റുകൾ നേടി എഎപി ഏറ്റവും വലിയ കക്ഷിയായി മാറി.തിരഞ്ഞെടുപ്പ് ഫലങ്ങൾ പഞ്ചാബിൽ ഭരണാനുകൂല തരംഗം നിലനിൽക്കുന്നുവെന്ന വിലയിരുത്തലിന് ശക്തിപകരുന്നതാണ്. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമായാണ് എഎപി നേതൃത്വം ഫലത്തെ വിശേഷിപ്പിക്കുന്നത്.അതേസമയം, കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബിജെപി പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. ശിരോമണി അകാലിദളിനേക്കാൾ പിന്നിലായാണ് ബിജെപിയുടെ പ്രകടനം. തിരഞ്ഞെടുപ്പ് കാലത്ത് വിവിധ രാഷ്ട്രീയ വിവാദങ്ങളും കേന്ദ്ര ഏജൻസികളുടെ നടപടികളും ചർച്ചയായിരുന്നുവെങ്കിലും അത് എഎപിയുടെ ജനപിന്തുണയെ ബാധിച്ചില്ലെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം.കഴിഞ്ഞ വർഷം നടന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും എഎപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും മുൻനിർത്തിയുള്ള ഭഗവന്ത് മാൻ സർക്കാരിന്റെ ഭരണരീതിക്ക് ജനങ്ങൾ നൽകിയ പിന്തുണയുടെ തുടർച്ചയാണ് പുതിയ തിരഞ്ഞെടുപ്പ് ഫലമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
