
കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം നൗഗോൺ സ്വദേശിനിയായ നർസീന ഖാത്തൂൻ (29) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് റാബുൽ അമീനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.പെരുമ്പാവൂർ പോഞ്ഞാശേരി ചെമ്പരത്തുകുന്നിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ദമ്പതികൾക്കിടയിൽ കഴിഞ്ഞ കുറച്ചുനാളുകളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയുണ്ടായ തർക്കത്തിനിടെ റാബുൽ കയ്യിൽ കിട്ടിയ ആയുധം ഉപയോഗിച്ച് നർസീനയുടെ തലയ്ക്ക് അടിച്ചെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചതായി കരുതുന്നു.ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും തുടർ അന്വേഷണവും ലഭിച്ചതിന് ശേഷമേ മരണകാരണത്തെയും സംഭവത്തിന്റെ പശ്ചാത്തലത്തെയും കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
