വികസനം കാത്ത് ചാലിയം ഹാർബർ; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിൽ മത്സ്യതൊഴിലാളികൾ

വർഷങ്ങളായി വികസന വാഗ്ദാനങ്ങൾ മാത്രം കേട്ട് കഴിയുകയാണ് ചാലിയം ഹാർബറിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യതൊഴിലാളികൾ. ദിവസേന നൂറുകണക്കിന് തൊഴിലാളികളും വ്യാപാരികളും എത്തുന്ന ഹാർബറിൽ ഇന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും പൂർണമായില്ലെന്നതാണ് നാട്ടുകാരുടെ പരാതി.മഴ പെയ്താൽ കയറി നിൽക്കാൻ ഒരു ഷെൽട്ടർ പോലുമില്ല. സുരക്ഷിതമായി നടക്കാൻ നടപ്പാതയില്ലാത്തതും മത്സ്യതൊഴിലാളികൾക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.ഹാർബറിന് പുറത്ത് ആവശ്യമായ പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ വാഹനങ്ങൾ ക്രമരഹിതമായി പാർക്ക് ചെയ്യേണ്ട സാഹചര്യമാണുള്ളത്. മഴക്കാലങ്ങളിൽ പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്നതും ദുരിതം വർധിപ്പിക്കുന്നു. ചെളിയും വെള്ളക്കെട്ടും കാരണം യാത്രക്കാരും തൊഴിലാളികളും ഏറെ പ്രയാസപ്പെടുകയാണ്രാത്രിയിൽ മതിയായ ലൈറ്റിംഗ് സംവിധാനങ്ങളില്ലാത്തതും പ്രശ്നങ്ങൾ വർധിപ്പിക്കുന്നു.മാറിമാറി വരുന്ന ഭരണകക്ഷികൾ നിരവധി വികസന വാഗ്ദാനങ്ങൾ നൽകിയെങ്കിലും യാഥാർഥ്യത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലെന്നാണ് മത്സ്യതൊഴിലാളികളുടെ ആരോപണം. ഹാർബറിന്റെ സമഗ്ര വികസനം നടപ്പിലാക്കി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.കടലിനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളുടെ ഉപജീവന കേന്ദ്രമായ ചാലിയം ഹാർബറിന് ആധുനിക സൗകര്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *