
കോഴിക്കോട്: മൺസൂൺ കാലവും കാലാവസ്ഥാ വ്യതിയാനങ്ങളും പരിഗണിച്ച് ജലയാത്രകൾ സുരക്ഷിതമാക്കാൻ ബോട്ടുടമകൾ കർശന മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ബേപ്പൂർ പോർട്ട് ഓഫ് രജിസ്ട്രി ആൻഡ് സീനിയർ പോർട്ട് കൺസർവേറ്റർ അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്ന ജലയാനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.മഴ ശക്തമാകുകയും ജലാശയങ്ങളിൽ ഒഴുക്ക് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ ബോട്ടുകളും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കണം സർവീസ് നടത്തേണ്ടത്. സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള നിയമാനുസൃത രേഖകളില്ലാതെ ബോട്ടുകൾ സർവീസ് നടത്താൻ പാടില്ല.യാത്രക്കാരെല്ലാവരും ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുണ്ടെന്ന് ബോട്ടുടമകളും ജീവനക്കാരും ഉറപ്പാക്കണം. മതിയായ യോഗ്യതയുള്ള ജീവനക്കാർ മാത്രമേ ജലയാനങ്ങൾ നിയന്ത്രിക്കാവൂ. അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രം കയറ്റണമെന്നും ഈ വിവരം മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.ഓരോ യാത്രയ്ക്കും മുമ്പ് ജലവാഹനത്തിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും പരിശോധിക്കണം. ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ബോട്ടിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി. അനുവദിച്ചിട്ടുള്ള സോണുകളിൽ മാത്രം സർവീസ് നടത്തണമെന്നും നിർദേശമുണ്ട്.റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും ജലമൊഴുക്ക് ശക്തമാകുന്ന സാഹചര്യങ്ങളിലും ബോട്ട് സർവീസുകൾ പൂർണമായും നിർത്തിവെക്കണം. കൂടാതെ ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കർശനമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.മൺസൂൺ കാലത്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബോട്ടുടമകളും ജീവനക്കാരും പൂർണ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് പോർട്ട് അധികൃതർ അഭ്യർഥിച്ചു.
