ഹരിപ്പാട് ആശുപത്രി നവജാത ശിശു കേസ്: കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മയുടെ ആവശ്യം

ഹരിപ്പാട്: സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചശേഷം നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കുഞ്ഞിനെ ഏറ്റെടുക്കാനായി ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) പ്രവർത്തകർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടത്.

എന്നാൽ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ കുഞ്ഞിനെ ഉടൻ അമ്മയ്ക്ക് കൈമാറുന്നതിന് നിയമപരവും സാങ്കേതികവുമായ തടസ്സങ്ങളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലാ ശിശുഭവനിലേക്ക് താത്കാലിക സംരക്ഷണത്തിനായി മാറ്റി.

സംഭവത്തിന് പിന്നാലെ ചൈൽഡ് ലൈൻ കൗൺസലർമാർ യുവതിയുമായി പലതവണ കൗൺസലിങ് നടത്തിയെങ്കിലും ആദ്യ ദിവസങ്ങളിൽ അവർ സഹകരിച്ചിരുന്നില്ല. പിന്നീട് യുവതി വിശദമായി സംസാരിക്കുകയും കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന ആഗ്രഹം അറിയിക്കുകയും ചെയ്തതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷവും കേസ് സംബന്ധിച്ച എല്ലാ സാഹചര്യങ്ങളും വിലയിരുത്തിയ ശേഷവും മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്ന് സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ അഡ്വ. ബി. ഗീത അറിയിച്ചു.

നിയമപ്രകാരം ജനിച്ച് ആറു മാസംവരെ കുഞ്ഞിനെ ആവശ്യപ്പെടാനുള്ള അവകാശം അമ്മയ്ക്കുണ്ടെന്നും അതിനാലാണ് നിലവിൽ കുഞ്ഞിനെ താത്കാലിക സംരക്ഷണത്തിലേക്ക് മാറ്റിയിരിക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു.

സംഭവം സംസ്ഥാനത്താകെ വലിയ ചർച്ചയ്ക്കിടയാക്കിയിരിക്കുകയാണ്. കുഞ്ഞിന്റെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് എല്ലാ നടപടികളും സ്വീകരിക്കുന്നതെന്ന് ബന്ധപ്പെട്ട വകുപ്പ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *