
കോഴിക്കോട്: മഴക്കാല രോഗങ്ങൾ തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന ‘ഓപ്പറേഷൻ മൺസൂൺ’ പരിശോധനയിൽ 15 ദിവസത്തിനിടെ ₹5,65,500 പിഴ ഈടാക്കി. ജൂൺ 15 മുതൽ 30 വരെ നടത്തിയ പ്രത്യേക പരിശോധനകളിലാണ് വൃത്തിയില്ലാത്ത ഭക്ഷ്യസാധനങ്ങൾ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.ഈ കാലയളവിൽ ജില്ലയിലാകെ 1,094 പ്രത്യേക പരിശോധനകൾ നടത്തി. പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയ 80 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 123 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. കൂടാതെ 165 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനായി കോമ്പൗണ്ടിംഗ് നോട്ടീസ് നൽകുകയും അഞ്ച് സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന ശക്തമാക്കിയതെന്ന് അധികൃതർ അറിയിച്ചു. പരിശോധനയുടെ ഭാഗമായി 593 ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.ഭക്ഷ്യസുരക്ഷാ പരാതികൾ അറിയിക്കാൻ ടോൾഫ്രീ നമ്പർ: 1800 425 1125.
