
രാമനാട്ടുകര: കനത്ത മഴയെ തുടർന്ന് രാമനാട്ടുകര ബൈപാസിലെ നീലിത്തോട് പാലത്തിന് സമീപം രൂപപ്പെട്ട ഗുരുതരമായ വെള്ളക്കെട്ട് പ്രദേശത്തെ ടാക്സി ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കി. വ്യാഴാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിലാണ് റോഡിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും ഗതാഗതം സ്തംഭിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തത്.നീലിത്തോട് പാലത്തിന് സമീപം റോഡരികിലെ ഓവുകളിലും കാനകളിലും മാലിന്യങ്ങളും മരച്ചില്ലകളും അടിഞ്ഞുകൂടിയതിനെ തുടർന്ന് മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതെയായിരുന്നു. ഇതോടെ ബൈപാസിൽ വെള്ളം കെട്ടിക്കിടന്ന് വാഹനയാത്രക്കാർ ദുരിതത്തിലായി.ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ടാക്സി ഡ്രൈവർമാരായ സുബൈർ, മനോജ്‌കുമാർ, യാസിർ (ബാവ) എന്നിവർ രംഗത്തെത്തിയത്. കനത്ത മഴയെ അവഗണിച്ച് കമ്പുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കാനകളിലെ മാലിന്യങ്ങളും തടസ്സങ്ങളും നീക്കുകയായിരുന്നു. തുടർന്ന് വെള്ളം വേഗത്തിൽ ഒഴുകിപ്പോകുകയും റോഡിലെ വെള്ളക്കെട്ട് ഗണ്യമായി കുറയുകയും ചെയ്തു.ഇതിനുപുറമെ, നീലിത്തോട് പാലത്തിന് സമീപമുള്ള ബോർഡ് മറയ്ക്കുന്ന തരത്തിൽ അപകടഭീഷണിയായി നിലകൊണ്ടിരുന്ന വലിയ മരച്ചില്ലകളും ഇവർ ചേർന്ന് വെട്ടിമാറ്റി. ഇതോടെ റോഡിലെ കാഴ്ചാതടസ്സവും പരിഹരിക്കപ്പെട്ടു.ടാക്സി ഡ്രൈവർമാരുടെ ഈ മാതൃകാപരമായ ഇടപെടൽ മൂലം ബൈപാസിൽ ഉണ്ടായേക്കുമായിരുന്ന വലിയ ഗതാഗതക്കുരുക്കും അപകടസാധ്യതയും ഒഴിവാക്കാനായതായി നാട്ടുകാർ പറഞ്ഞു. സ്വന്തം ജോലിത്തിരക്കുകൾ മാറ്റിവെച്ച് പൊതുജനങ്ങളുടെ സുരക്ഷയ്ക്കും യാത്രാസൗകര്യത്തിനുമായി മുന്നിട്ടിറങ്ങിയ ഇവരുടെ പ്രവർത്തനത്തിന് യാത്രക്കാരും പ്രദേശവാസികളും അഭിനന്ദനമറിയിച്ചു.
