കോംഗോയിൽ എബോള ഭീതി: പുതിയ വകഭേദം, മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ട്

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസിന്റെ പുതിയ വകഭേദവുമായി ബന്ധപ്പെട്ട രോഗവ്യാപനം വീണ്ടും ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ആഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ആദ്യം 65 മരണങ്ങൾ രേഖപ്പെടുത്തിയതായി അറിയിച്ചിരുന്നുവെങ്കിലും, രോഗവ്യാപനം തുടരുന്നതിനാൽ മരണസംഖ്യ 130 കടന്നതായി ചില ആരോഗ്യവൃത്തങ്ങൾ വ്യക്തമാക്കുന്നു.ആദ്യഘട്ടത്തിൽ ഇത് സാധാരണ എബോള അണുബാധയാണെന്ന് കരുതിയാണ് ചികിത്സകൾ ആരംഭിച്ചത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനകളിൽ ഇത് പഴയ വകഭേദത്തിൽ നിന്ന് വ്യത്യസ്തമായ പുതിയ തരത്തിലുള്ള വൈറസ് ആണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. മേയ് 14-നാണ് ഈ വകഭേദം തിരിച്ചറിഞ്ഞതെന്നും “ബുണ്ടിബുഗ്യോ” എന്ന പേരിലാണ് ഇത് തിരിച്ചറിയപ്പെടുന്നതെന്നും വിവരമുണ്ട്.Ebola Virus Disease രോഗലക്ഷണങ്ങളിൽ പനി, തലവേദന, കടുത്ത ശരീരവേദന, വയറിളക്കം, ഛർദി എന്നിവയ്ക്കൊപ്പം ഗുരുതരമായ ഘട്ടങ്ങളിൽ രക്തസ്രാവവും ഉൾപ്പെടുന്നതായാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.വൈറസ് തിരിച്ചറിയുന്നതിൽ ഉണ്ടായ താമസം രോഗവ്യാപനം വർധിക്കാൻ കാരണമായതായി ആരോഗ്യ അധികൃതർ വിലയിരുത്തുന്നു. നിലവിൽ രോഗബാധിത ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും വൈറസ് വ്യാപിച്ചിരിക്കാമെന്ന് ആശങ്കയുണ്ട്. ഏകദേശം 300-ഓളം പേർക്ക് രോഗബാധ ഉണ്ടായിരിക്കാമെന്ന് പ്രാഥമിക കണക്കുകളും സൂചിപ്പിക്കുന്നു.കോംഗോ സർക്കാർ രോഗനിയന്ത്രണത്തിനായി മൂന്ന് പ്രത്യേക എബോള ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ അതിർത്തികളിൽ പരിശോധന ശക്തമാക്കുകയും രോഗബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം നിലവിൽ പ്രദേശത്ത് നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *