
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളുടെ ദുരിതംകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സ്-റേ ഫിലിം ക്ഷാമം രൂക്ഷമായതോടെ രോഗികൾക്ക് എക്സ്-റേ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഡോക്ടർമാരെ കാണിക്കേണ്ട അവസ്ഥ. ആശുപത്രിയിലെ കമ്പ്യൂട്ടറിൽ പ്രദർശിപ്പിക്കുന്ന എക്സ്-റേ ഇമേജുകൾ രോഗികൾ സ്വന്തം മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത് സൂക്ഷിക്കാനാണ് നിർദേശം നൽകുന്നതെന്ന് പരാതി ഉയരുന്നു.ഫിലിം വിതരണം നടത്തുന്ന കമ്പനി വിതരണം താൽക്കാലികമായി നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഇതുമൂലം ദൂരപ്രദേശങ്ങളിൽ നിന്ന് ചികിത്സയ്ക്കായി എത്തുന്ന സാധാരണക്കാരായ രോഗികൾ കടുത്ത ബുദ്ധിമുട്ടിലാണ്.നല്ല ക്യാമറ സൗകര്യമില്ലാത്ത മൊബൈൽ ഫോണുകളിൽ ചിത്രങ്ങളുടെ വ്യക്തത കുറയുന്നതിനാൽ ഡോക്ടർമാർക്ക് കൃത്യമായ പരിശോധന നടത്താൻ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നാണ് രോഗികളുടെ പരാതി. പലരും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വീണ്ടും എക്സ്-റേ എടുക്കേണ്ട സാഹചര്യമുണ്ടായതായും ആരോപണം ഉയരുന്നു.പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ ഫിലിം ലഭ്യമാക്കാൻ ശ്രമം പുരോഗമിക്കുകയാണെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
