
:കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാരക ലഹരി മരുന്നുകളായ എം.ഡി.എം.എയും ബ്രൗൺ ഷുഗറും എത്തിച്ച് ചില്ലറ വിൽപ്പന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായവർ ബാലുശ്ശേരി ഉണ്ണികുളം സ്വദേശി ഷംസീർ (35), കാക്കൂർ പുന്നൂർ ചെറുപാലം സ്വദേശി മുഹമ്മദ് ഷഫാൻ (36) എന്നിവരാണ്.രാമനാട്ടുകര–വെങ്ങളം ദേശീയപാത ബൈപാസിലെ കോരപ്പുഴ പാലത്തിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും ബ്രൗൺ ഷുഗറും പിടിച്ചെടുത്തത്.അന്വേഷണത്തിൽ മുഹമ്മദ് ഷഫാനെതിരെ വയനാട്ടിലെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലും കോഴിക്കോട് ജില്ലയിലെ കാക്കൂർ, ബാലുശ്ശേരി പൊലീസ് സ്റ്റേഷനുകളിലുമായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.എലത്തൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സഹൽ എൻ.കെ., ഷാമിൽ അമീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.
