
കോഴിക്കോട്: ജില്ലയിൽ ജൂലൈ 15 മുതൽ ബീഫിന്റെ വില വർധിപ്പിക്കാൻ തീരുമാനം. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് വില വർധന സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പുതിയ നിരക്കുപ്രകാരം എല്ല് ഉള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചിക്ക് 460 രൂപയുമായിരിക്കും.നിലവിൽ എല്ല് ഉള്ള ഇറച്ചിക്ക് കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്ത ഇറച്ചിക്ക് 360 രൂപയുമാണ് ഈടാക്കുന്നത്. കന്നുകാലികളുടെ വില കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും അനിയന്ത്രിതമായി ഉയർന്നതും, മാംസ വ്യാപാര മേഖലയിലെ ഉപോൽപ്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയ്ക്ക് വിലയിടിവ് ഉണ്ടായതുമാണ് വില വർധനയ്ക്ക് കാരണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. സാദിഖ് വ്യക്തമാക്കി.അനിവാര്യമായ ഈ വിലവർധനയോട് പൊതുജനം സഹകരിക്കണമെന്ന് അസോസിയേഷൻ അഭ്യർഥിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് സലീം, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജംഷീർ, ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രഷറർ ഇസഹാക്ക് മൂഴിക്കൽ എന്നിവരുള്‍പ്പെടെ നിരവധി ഭാരവാഹികൾ പങ്കെടുത്തു.
