
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. എം.കെ. രാഘവൻ ഫേസ്ബുക്ക് പോസ്റ്റുമായി. നവീകരണം പൂർത്തിയായാൽ സ്റ്റേഷന്റെ സൗകര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കോഴിക്കോടിന് കൂടുതൽ ട്രെയിനുകളും പുതിയ സർവീസുകളും അനുവദിക്കണമെന്നും, അടിയന്തരമായി പിറ്റ് ലൈൻ നിർമ്മിച്ച് കൂടുതൽ ട്രെയിനുകൾ കോഴിക്കോട് നിന്ന് ആരംഭിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായിട്ടും, കോഴിക്കോടിന് അർഹിക്കുന്നത്ര ദീർഘദൂര ട്രെയിനുകൾ ഇന്നും ലഭിക്കുന്നില്ലെന്നും ഇത് യാത്രക്കാരോടുള്ള അനീതിയാണെന്നും എം.കെ. രാഘവൻ ആരോപിച്ചു. പ്രതിദിനം നിരവധി ട്രെയിനുകൾ ആരംഭിക്കുന്ന മറ്റ് പ്രധാന സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ, വരുമാനത്തിൽ വലിയ വ്യത്യാസമില്ലാത്ത കോഴിക്കോടിന് ഒരു പ്രധാന സ്റ്റാർട്ടിംഗ് പോയിന്റ് എന്ന നിലയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബെംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. “കോഴിക്കോടിന് അർഹിക്കുന്ന റെയിൽവേ വികസനം ഇനി വൈകാൻ പാടില്ല” എന്ന ആവശ്യം ഉയർത്തിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
