കോഴിക്കോട് റെയിൽവേ വികസനത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം; കല്ലായി, വെസ്റ്റ്ഹിൽ സ്റ്റേഷനുകളെ സൗത്ത്, നോർത്ത് സ്റ്റേഷനുകളാക്കണമെന്ന് നിർദേശം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഉണ്ടായ അപകടത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങളും സ്റ്റേഷൻ വികസനവും വീണ്ടും ചർച്ചയാകുന്നു. അപകടസമയത്ത് യാത്രക്കാരെ നിയന്ത്രിക്കാൻ കല്ലായി, വെസ്റ്റ്ഹിൽ സ്റ്റേഷനുകളെ ഉപയോഗിച്ച ക്രമീകരണങ്ങൾ ഫലപ്രദമായിരുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ, ഈ രണ്ട് സ്റ്റേഷനുകളെയും കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത് സ്റ്റേഷനുകളാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.പാലക്കാട് ഡിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സ്റ്റേഷനുകളിൽ ഒന്നായ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സ്ഥലപരിമിതി മൂലം വികസന പ്രതിസന്ധി നേരിടുകയാണെന്നാണ് വിമർശനം. അതേസമയം നഗരമധ്യത്തിന് സമീപമുള്ള കല്ലായി, വെസ്റ്റ്ഹിൽ സ്റ്റേഷനുകൾക്ക് മികച്ച യാത്രാ കണക്ടിവിറ്റിയുള്ളതിനാൽ അവയെ വികസിപ്പിച്ച് കോഴിക്കോട് സ്റ്റേഷന്റെ ഭാരം കുറയ്ക്കാനാകുമെന്നാണ് ആവശ്യമുന്നയിക്കുന്നവർ പറയുന്നത്.ഈ പദ്ധതി നടപ്പിലായാൽ കോഴിക്കോട് നിന്നുള്ള ദീർഘദൂര ട്രെയിനുകളുടെ സർവീസ്, പ്ലാറ്റ്ഫോം വിന്യാസം, യാത്രക്കാരുടെ സൗകര്യം എന്നിവയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കോഴിക്കോട് റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനപ്രതിനിധികളും റെയിൽവേയും അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *