
കടലുണ്ടി: ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയ ചെറുവള്ളം കടലിൽ കാറ്റിലും തിരയിലും പെട്ട് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെയും സമീപത്തുണ്ടായിരുന്ന മറ്റ് വള്ളങ്ങളിലെ തൊഴിലാളികൾ സമയോചിതമായി രക്ഷപ്പെടുത്തി പരപ്പനങ്ങാടി ഹാർബറിൽ എത്തിച്ചു.ചാലിയം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ‘മാളിയേക്കൽ’ എന്ന ചെറുവള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് ബേപ്പൂർ തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ശക്തമായ കാറ്റിലും കടലിലെ ഒഴുക്കിലും പെട്ട് വള്ളം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.അപകടസമയം സമീപത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന മറ്റ് വള്ളങ്ങളിലെ തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതോടെയാണ് വള്ളത്തിലുണ്ടായിരുന്ന നാല് പേരുടെയും ജീവൻ രക്ഷിക്കാനായത്. തുടർന്ന് ഇവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്ഷപ്പെടുത്തിയ തൊഴിലാളികളിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
