താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് ചരിഞ്ഞ മരങ്ങൾ മുറിച്ചുമാറ്റി; വൻ അപകടം ഒഴിവായി

താമരശ്ശേരി: ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് അപകടകരമായി ചരിഞ്ഞ മരങ്ങൾ മുറിച്ചുമാറ്റി. അഞ്ചാം വളവിലും ഇരുപത്തിഒൻപതാം മൈൽ ഭാഗത്തുമാണ് മരങ്ങൾ റോഡിലേക്ക് വീഴാൻ സാധ്യതയുള്ള നിലയിൽ കണ്ടെത്തിയത്.മരങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ ഭീഷണിയുയർത്തിയ സാഹചര്യത്തിൽ വനംവകുപ്പും ഹൈവേ പോലീസും അടിയന്തരമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും പ്രവർത്തനത്തിൽ പങ്കാളികളായി.ഷൗക്കത്ത് എലിക്കാട്, മജീദ് കണലാട്, വിനു, അർഷാദ് എരഞ്ഞോണ, ഗഫൂർ ഒതയോത്ത്, നിസാം വി.എച്ച്., നിഷാദ് വി.എച്ച്. എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി റോഡ് സുരക്ഷിതമാക്കിയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയും കാറ്റുമാണ് മരങ്ങൾ അപകടകരമായ രീതിയിൽ റോഡിലേക്ക് ചരിയാൻ കാരണമായത്. സമയോചിതമായ ഇടപെടലിലൂടെ ചുരത്തിൽ ഉണ്ടായേക്കുമായിരുന്ന വൻ അപകടവും ഗതാഗതക്കുരുക്കും ഒഴിവാക്കാനായതായി അധികൃതർ അറിയിച്ചു.മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ചുരം വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *