
മാനിറ്റോ കെട്ടിടം: ജനങ്ങളുടെ ആശങ്ക അകറ്റാൻ അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻകോഴിക്കോട്: വവ്വാലുകളുടെ ആവാസ കേന്ദ്രമായി മാറിയ ബേപ്പൂർ ബി.സി. റോഡ് മിനി സ്റ്റേഡിയത്തിന് സമീപത്തെ “മാനിറ്റോ” കെട്ടിടത്തെ ചൊല്ലിയുള്ള പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നിപ്പ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വവ്വാലുകളുടെ സാന്നിധ്യം നാട്ടുകാരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ജൂലൈയിൽ വെസ്റ്റ്ഹിൽ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും.മൂന്ന് പതിറ്റാണ്ടിലേറെയായി അടച്ചിട്ട നിലയിൽ തുടരുന്ന മാനിറ്റോ കെട്ടിടം നിലവിൽ വവ്വാലുകളുടെയും വിഷപ്പാമ്പുകളുടെയും താവളമായി മാറിയിരിക്കുകയാണ്. കെട്ടിടത്തിനുള്ളിൽ ടൺ കണക്കിന് വവ്വാൽ കാഷ്ടം കുന്നുകൂടിക്കിടക്കുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.’വവ്വാൽ കോട്ട’, ‘ഭാർഗവ നിലയം’ എന്നീ പേരുകളിലാണ് ഈ കെട്ടിടം പ്രദേശത്ത് അറിയപ്പെടുന്നത്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരും ലഹരി സംഘങ്ങളും കെട്ടിടത്തിന്റെ മുകൾ നിലയിൽ തമ്പടിക്കുന്നതായും ആരോപണമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇലക്ട്രിക് ഉപകരണങ്ങളും കമ്പ്യൂട്ടർ പേപ്പറുകളും നിർമ്മിച്ചിരുന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു.ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി കെട്ടിടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.
