
പി.എം ശ്രീ പദ്ധതിയിൽ കേരളം തിരുവനന്തപുരം: പി.എം ശ്രീ (PM SHRI) പദ്ധതിയിൽ കേരളം നിലവിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഇടതു സർക്കാർ പദ്ധതിയിൽ പങ്കാളിയാകുന്ന ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനാൽ കേരളം പദ്ധതിയുടെ ഭാഗമാണെന്നും, പദ്ധതി വേണ്ടെന്ന് വെച്ച് കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇതിനകം 99 കോടിയിലധികം രൂപ സ്വീകരിച്ചിട്ടുണ്ടെന്നും, കേന്ദ്രസർക്കാർ 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിനാൽ പദ്ധതി സംബന്ധിച്ച കാര്യങ്ങളിൽ വസ്തുതാപരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, കരിക്കുലം സ്വാതന്ത്ര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടരുത് എന്നതാണ് പദ്ധതിയോടുള്ള പ്രധാന ആശയപരമായ എതിർപ്പെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതികൾ നടപ്പാക്കേണ്ട സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് നൽകണമെന്നും യു.ഡി.എഫ് സർക്കാരിന്റെ നിലപാട് അതാണെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ നിലപാടുകളും നിർദേശങ്ങളും കേന്ദ്രസർക്കാരിനെ അറിയിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായും മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളായുമാണ് ഉപസമിതി രൂപീകരിച്ചിരിക്കുന്നത്.കേരളത്തിന്റെ വിദ്യാഭ്യാസ നയവും ഭരണഘടനാപരമായ അധികാരങ്ങളും സംരക്ഷിച്ചുകൊണ്ട് പദ്ധതിയിൽ മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് ഉപസമിതി പരിശോധിക്കുക.
