
കൊയിലാണ്ടി: പൊയിൽക്കാവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പൊയിൽക്കാവ് സ്വദേശി സുധ (58)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുട്ടികൃഷ്ണനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.ശനിയാഴ്ച രാവിലെ വീടിനോട് ചേർന്ന ഷെഡിൽ വെച്ചാണ് സുധ ആക്രമിക്കപ്പെട്ടത്. വാക്കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുധ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കൊലപാതകത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ കൊയിലാണ്ടി ബീവറേജിന് സമീപത്ത് നിന്നാണ് കുട്ടികൃഷ്ണനെ പൊലീസ് പിടികൂടിയത്. മദ്യം വാങ്ങാനെത്തിയ സമയത്തായിരുന്നു അറസ്റ്റ്.കുടുംബപ്രശ്നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് സംഭവത്തിന്റെ പശ്ചാത്തലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.സുധയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ചിത്രവിവരണം:പൊയിൽക്കാവ് കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതി കുട്ടികൃഷ്ണനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു.
