പ്രസവവേദനയിൽ പുളഞ്ഞ യുവതിക്ക് റെയിൽവേ സ്റ്റേഷനിൽ സുരക്ഷിത പ്രസവം; ഡോക്ടറുടെ സമയോചിത ഇടപെടലിന് അഭിനന്ദന പ്രവാഹം

ഉത്തർപ്രദേശ്: പ്രസവവേദനയെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ വലയുകയായിരുന്ന ഗർഭിണിക്ക് ഡോക്ടറുടെ സമയോചിതമായ ഇടപെടലിൽ സുരക്ഷിത പ്രസവം. ഉത്തർപ്രദേശിലെ താൻസി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.പൻവേൽ–ഗോരഖ്പൂർ എക്സ്പ്രസിൽ ബറാബങ്കിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് സ്റ്റേഷനിൽ വെച്ച് പ്രസവവേദന അനുഭവപ്പെട്ടത്. അപ്രതീക്ഷിത സാഹചര്യം കണ്ട യാത്രക്കാർ ആദ്യം ആശങ്കയിലായെങ്കിലും സമീപത്തുണ്ടായിരുന്ന മേജർ ഡോ. രോഹിത് ഉടൻ തന്നെ സഹായത്തിനെത്തി.ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ സമയം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം, സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെ തുണി ഉപയോഗിച്ച് മറയൊരുക്കി യുവതിക്ക് അടിയന്തര പ്രസവസഹായം നൽകി. ഇതിനിടെ വിവരം ലഭിച്ച റെയിൽവേ മെഡിക്കൽ സംഘവും വനിതാ ടിക്കറ്റ് പരിശോധനാ ജീവനക്കാരും സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങൾ ഒരുക്കി.എല്ലാവരുടെയും കൂട്ടായ പരിശ്രമഫലമായി യുവതി സുരക്ഷിതമായി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് അമ്മയെയും കുഞ്ഞിനെയും കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിന് പിന്നാലെ സമയോചിതമായി ഇടപെട്ട മേജർ ഡോ. രോഹിത്തിന്റെ സേവനത്തെ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ അഭിനന്ദിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ സുരക്ഷിതമാക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധതയ്ക്കും സേവനമനോഭാവത്തിനും അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *