
ഫാത്തിമ തഹലിയ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സ്വകാര്യത ലംഘന വീഡിയോകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും അനുമതിയില്ലാതെ പകർത്തി വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും ഇത്തരം പ്രവണതകൾ തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെങ്കിലും, ചിലർ ‘മീഡിയ’ എന്ന പേരിൽ തിരിച്ചറിയൽ രേഖകളില്ലാതെ പരിപാടികളിൽ കടന്നുകയറി ചിത്രീകരണം നടത്തുന്നതായി അവർ ചൂണ്ടിക്കാട്ടി.ഇത്തരത്തിൽ പകർത്തുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ച് അനാവശ്യ വിവാദങ്ങളും നെഗറ്റീവ് പ്രതികരണങ്ങളും സൃഷ്ടിക്കുന്ന പ്രവണത വർധിച്ചുവരുന്നതായും എംഎൽഎ ആരോപിച്ചു. പൊതുസ്ഥലങ്ങളിൽ ആയാലും വ്യക്തികളുടെ സ്വകാര്യത മാനിക്കപ്പെടണമെന്നും, മൊബൈൽ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തനിക്കെതിരെയെന്നതിലുപരി തനിക്കൊപ്പമുള്ള മറ്റ് വ്യക്തികളുടെയും അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ എംഎൽഎ, ഉദ്ദേശപൂർവം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം ‘പാപ്പരാസി’ രീതികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.“ഇത്തരം സ്വകാര്യതാ ലംഘന പ്രവർത്തനങ്ങൾ തുടർന്നാൽ ആവശ്യമായ നിയമനടപടികളിലേക്ക് കടക്കേണ്ടി വരും” എന്ന മുന്നറിയിപ്പോടെയാണ് ഫാത്തിമ തഹ്ലിയയുടെ കുറിപ്പ് അവസാനിക്കുന്നത്.
