മുക്കത്ത് വാട്ടർ അതോറിറ്റിയുടെ കുഴിയിൽ ബൈക്ക് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്

മുക്കം : വാട്ടർ അതോറിറ്റി റോഡരികിൽ കുഴിച്ച ശേഷം മൂടിയ കുഴി വീണ്ടും മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണ് പൊതുപ്രവർത്തകനും ഹോട്ടൽ ഉടമയുമായ മധ്യവയസ്കനും ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു.ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം. കക്കാടംപൊയിൽ പ്രവർത്തിക്കുന്ന സ്വന്തം ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ അപകടത്തിൽപ്പെട്ടത്.രണ്ടുമാസം മുമ്പ് വാട്ടർ അതോറിറ്റി കുഴിച്ച കുഴി മൂടിയിരുന്നെങ്കിലും പിന്നീട് മണ്ണിടിഞ്ഞ് കുഴി കൂടുതൽ വലുതാവുകയും റോഡിലേക്ക് വ്യാപിക്കുകയും ചെയ്തതായി നാട്ടുകാർ ആരോപിക്കുന്നു. അപകടമേഖലയിൽ കുഴിയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ സുരക്ഷാ വേലിയോ സ്ഥാപിച്ചിരുന്നില്ലെന്നും ഇതാണ് അപകടത്തിന് പ്രധാന കാരണമെന്നും പരിക്കേറ്റയാൾ പറഞ്ഞു.സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ദിവസേന സഞ്ചരിക്കുന്ന പ്രധാന റോഡായിട്ടും അപകടസാധ്യത ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടത്തെ തുടർന്ന് പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. റോഡ് ഉടൻ സുരക്ഷിതമാക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *